കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതിയുമായി ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് അധികൃതർക്കെതിരെ പരാതി ഉന്നയിച്ചത്.
ക്യാമ്പിലെത്തി നാല് ദിവസം കഴിഞ്ഞിട്ടും വസ്ത്രം മാറ്റാൻ സാധിച്ചിട്ടില്ലെന്നും, വൈകിയെത്തുന്നവർക്ക് പലപ്പോഴും ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിതബാധിതർ ആരോപിച്ചു. ചെറിയ കുട്ടികൾക്ക് കഴിക്കാനുള്ള ചെറുകടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ക്യാമ്പിലുള്ള നിരവധി രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ക്യാമ്പിലെ വീഴ്ചകൾ ഉണ്ടായതായി കെ. ജയന്ത് എംഎൽഎ പ്രതികരിച്ചു. ഇന്നലെ കൂടുതൽ ആളുകൾ എത്തിയതോടെ ഭക്ഷണ വിതരണത്തിൽ ബുദ്ധിമുട്ടുണ്ടായെന്നും ചോറിനൊപ്പം നൽകേണ്ട കറി കുറഞ്ഞുപോയ സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
വസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കുമെന്നും ക്യാമ്പിലുള്ളവരുടെ പരാതികൾ പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി ബാധകം. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.




