യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ തൊട്ട് ഈ രണ്ടര മാസത്തിനിടെ ഉയർന്ന സകല വിവാദങ്ങൾക്കിടയിലും ഏറെക്കുറെ താങ്ങിനിർത്തുന്നതിൽ വരെ ഏറെ നിർണായകമായ പങ്ക് വഹിച്ച ഒന്നാണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി സൗജന്യ ബസ് യാത്ര. അത്രമേൽ ജനങ്ങൾ ഏറ്റെടുത്ത ഈ പദ്ധതിയെ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത് പ്രതിപക്ഷത്ത് നിന്ന് ആരുമല്ല, സംസ്ഥാനത്തിന്റെ ഗതാഗത മന്ത്രി തന്നെയാണ്. സൗജന്യ യാത്രയെന്ന് കാരണത്താൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നാണ് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവിതരീതികളെയും മുൻഗണനകളെയും അങ്ങേയറ്റം ആക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രിയുടെ വാക്കുകൾക്കെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. പാലക്കാട് വെച്ച് നടന്ന കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയിൽ നിന്നും നാടിനെ ഞെട്ടിച്ച പരാമർശങ്ങൾ ഉണ്ടായത്. സാധാരണക്കാരായ ജനങ്ങൾ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നതിനെ തികച്ചും പരിഹാസ്യമായ രീതിയിലാണ് മന്ത്രി പ്രസംഗത്തിൽ ചിത്രീകരിച്ചത്.
സൗജന്യയാത്ര നടത്തുന്ന സ്ത്രീകളെ പരിഹസിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. സർക്കാർ ആശുപത്രികളിൽ ചകിത്സ തേടിപ്പോകുന്ന സാധാരണക്കാരുടെ മുഖത്ത് കൊഞ്ഞനം കുത്തുക കൂടിയാണ്. നേരത്ത, ജൂൺ 15ന് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ, മറ്റൊന്നും ഒരു വിഷയമല്ല, സ്ത്രീയായാൽ മതി, ആനുകൂല്യം കിട്ടും എന്ന് പറഞ്ഞ അതേ മന്ത്രി തന്നെയാണ് രണ്ട് മാസത്തോളം ആകുമ്പോൾ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്നത് വിരോധാഭാസം.
പൈസയില്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറാൻ കാണിക്കുന്ന ആവേശം അത്ഭുതപ്പെടുത്തുന്നുവെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ‘പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസ് വരുമ്പോൾ സ്ത്രീകൾ അതിലേക്ക് തള്ളിക്കയറുന്നു. എന്നാൽ ഇതേ ആളുകൾ തന്നെ മക്കളെ വലിയ തുകയും ഫീസും നൽകി സ്വകാര്യ സ്‌കൂളുകളിലാണ് ചേർത്ത് പഠിപ്പിക്കുന്നത്. സൗജന്യ പഠനം നൽകുന്ന സർക്കാർ സ്‌കൂളുകളിലേക്ക് ഇവർ കുട്ടികളെ വിടാൻ തയ്യാറാകുന്നില്ല. അസുഖം വന്നാൽ ആളുകൾ സ്വകാര്യ ആശുപത്രികളിൽ പോകാൻ മടിക്കുന്നു. പകരം സൗജന്യ ചികിത്സ തേടി സർക്കാർ ആശുപത്രികളുടെ വരാന്തയിൽ പോയി കിടക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളുടെ ഈ വിചിത്രമായ പെരുമാറ്റം എന്നെ ശരിക്കും അതിശയിപ്പിക്കുന്നു, എന്നാണ് മന്ത്രി പറഞ്ഞതിന്റെ പൂർണരൂപം. പാവപ്പെട്ടവനായിട്ട് പണക്കാരൻ അഭിനയിക്കുന്നു എന്നെല്ലാം പറഞ്ഞുപോകുന്നുണ്ട്. ഒന്ന് ചോദിക്കട്ടെ, സർക്കാർ അനുവദിച്ച ഒരു ആനുകൂല്യം ഉപയോഗിക്കുന്നത് എപ്പോഴാണ് കുറ്റമായത്?
മന്ത്രിയുടെ ആക്ഷേപകരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും വിവിധ ജനകീയ പ്രസ്ഥാനങ്ങളും ശക്തമായ ഭാഷയിലാണ് രംഗത്തുവന്നിട്ടുള്ളത്. മുതിർന്ന സി.പി.എം. നേതാവ് പി.കെ. ശ്രീമതി മന്ത്രിയുടെ വാക്കുകളെ കടുത്ത ഭാഷയിൽ വിമർശിച്ചു. നാടിന്റെ നികുതിപ്പണം കൊണ്ട് ഭരണം നടത്തുന്ന ഒരു മന്ത്രി, പാവപ്പെട്ട ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും, ജനങ്ങളുടെ അവകാശങ്ങളെ ഭിക്ഷയായി കാണുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. സി പി ജോണിന്റേത് കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനയാണെന്ന് ചിന്ത ജെറോം പറയുന്നു.
അതേസമയം മന്ത്രിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും രംഗത്തെത്തി. പ്രിയദർശിനി സൗജന്യ യാത്രയിൽ ധാരാളം സ്ത്രീകൾ തള്ളിക്കയറുന്നുണ്ട് എന്നതിൽ സംശയമില്ല. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രതയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് എന്നാണ് മന്ത്രി പറഞ്ഞതിന്റെ അർത്ഥമെന്നും ക്യാപ്സൂളുകൾ ഇറക്കിയെങ്കിലും സംഗതി കൈവിട്ടുപോയിരുന്നു അപ്പോഴേക്കും. അതോടെ ചെറിയ തിരുത്തലുമായി മന്ത്രി തന്നെ രംഗത്ത് വന്നു. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെ പ്രശ്‌നം മനസിലാക്കാൻ താൻ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് നടത്തിയതെന്നായിരുന്നു പുതിയ വിമർശനം.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രിയദർശിനി പദ്ധതിക്കെതിരെ പ്രൈവറ്റ് ബസ് മേഖലയിൽ നിന്ന് കടുത്ത എതിർപ്പുകൾ ഉയർന്നിരുന്നു. ഒരുപക്ഷേ അവരെ ഒന്ന് സന്തോഷിപ്പിക്കാനാണോ മന്ത്രി സ്ത്രീകൾ കൂട്ടത്തോടെ സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്നതിനെ പരിഹസിക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. അതാകാം സ്വകാര്യ ബസ് ഉടമകളുടെ വേദിയിൽ വെച്ച് സ്വന്തം സർക്കാരിന്റെ പദ്ധതിയെയും അത് ഉപയോഗിക്കുന്ന സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിക്കുന്ന സാധാരണക്കാരെ ആക്ഷേപിച്ച മന്ത്രി പ്രതിപക്ഷത്തിന്റെ കൈയ്യിലേക്ക് സൗജന്യമായി ഒരു ആയുധവും വെച്ചുകൊടുത്തിരിക്കുകയാണ്.
ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെട്ടത് അബദ്ധമായി എന്ന് തോന്നുകയാണെങ്കിൽ അതേറ്റു പറയുകയാണ് വേണ്ടത്. അതല്ലാതെ പരിഹസിക്കുകയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തത് മുഴുവൻ സർവീസിലും സൗജന്യ യാത്രയാണ്. ഇപ്പോൾ നൽകിയതോ ഓർഡിനറി സർവീസിൽ മാത്രം. ഇത് പരീക്ഷണാടിസ്ഥാനത്തിലാണെന്നും ബാക്കി പിന്നീടാണെന്നുമാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞവർ ഇങ്ങനെ മാറ്റി പറയുന്നത് കേൾക്കുമ്പോൾ ഒരു കാര്യം ഏകദേശം വ്യക്തമാകും, ഈ പദ്ധതിയിൽ കൂടുതൽ വിപുലീകരണങ്ങളൊന്നും തൽക്കാലം പ്രതീക്ഷിക്കരുത്. വാഗ്ദാനം ചെയ്ത പദ്ധതി പൂർണമായി നടപ്പാക്കാതെ, പരിമിതമായി ലഭിക്കുന്ന ആനുകൂല്യം ഉപയോഗിക്കുന്ന സ്ത്രീകളെ പോലും പരിഹസിക്കുന്ന നിലപാട് ഒരു മന്ത്രിയുടെ വായിൽ നിന്ന് വരുമ്പോൾ അത് ആ സർക്കാരിന്റെ തന്നെ മൊത്തമായ മനോഭാവമായി കാണേണ്ടി വരും.
രാജ്യത്താകെ അഭിമാനത്തോടെ നാം ഉയർത്തിക്കാണിക്കുന്ന ഒന്നാണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം. സർക്കാർ സ്കൂളുകളുടേയും സ്വകാര്യ സ്കൂളുകളുടേയും ഒരു കൂട്ടായ പ്രയത്നമാണ് സംസ്ഥാനത്തെ ഈ നിലയിലേക്ക് എത്തിച്ചത്. എൽ.പി, യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ മികച്ച പൊതുവിദ്യാഭ്യാസവും, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ലോകോത്തര സർക്കാർ ആശുപത്രി സംവിധാനങ്ങളും ലഭ്യമായിരിക്കെ, അതിനെ തേടിയെത്തുന്ന പാവപ്പെട്ട ജനങ്ങളെ ‘വരാന്തയിൽ കിടക്കുന്നവർ’ എന്ന് വിശേഷിപ്പിച്ചത് സാംസ്‌കാരിക കേരളത്തിന് ആകെ അപമാനകരമാണെന്നാണ് പൊതുജന അഭിപ്രായം.
ഇനി സ്വകാര്യ ആശുപത്രികളുടെ കാര്യത്തിലേക്ക് വന്നാൽ, ശതകോടികൾ മുടക്കി പ്രവർത്തിക്കുന്ന പഞ്ച നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെക്കാൾ ജനങ്ങൾക്ക് വിശ്വാസം സർക്കാർ ആശുപത്രികളെയാണ്. ആ വിശ്വാസം ആർജിച്ചെടുത്തത് ലോക മാതൃകയായ കേരളത്തിൻ്റെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ നേട്ടമാണ്. ചെറിയ ചിലവിൽ ഏറ്റവും മികച്ച ചികിത്സ അവിടെ കിട്ടുന്നത് കൊണ്ട് തന്നെയാണ് ജനങ്ങൾ അങ്ങോട്ട് പോകുന്നത്.
ചെറിയ അസുഖത്തിന് സ്വകാര്യ ആശുപത്രിയിലെത്തിയാൽ വീടും പറമ്പും വിൽക്കേണ്ടി വരുന്ന സാധാരണക്കാരെ കാണാൻ വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി. ആ നീരാളിപ്പിടുത്തം അനുദിനം ഭീതിദമായി ശക്തിയാർജിക്കവെ അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ബാധ്യസ്ഥമായ ഒരു സംവിധാനത്തിൻ്റെ തലപ്പത്തിരിക്കുന്ന മന്ത്രിയാണ് ചോദിക്കുന്നത്, എന്തിന് സർക്കാർ ആശുപത്രിയിൽ പോകുന്നു, സ്വകാര്യ ആശുപത്രിയിൽ പോയിക്കൂടെ എന്ന്. തന്റെ വാദത്തെ ശക്തിപ്പെടുത്താൻ പറഞ്ഞതാകാം അതെങ്കിലും കൊണ്ടിരിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരുടെ നെഞ്ചിലാണ്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ഇൻഷൂറൻസ് പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ ആത്യന്തികമായ ഗുണഭോക്താക്കളും വൻകിട ആശുപത്രിക്കാരാണെന്ന ആരോപണം ഇതിനോടകം ശക്തമാണെന്നിരിക്കെ അതിനെല്ലാമുള്ള കളമൊരുക്കലായി വേണം പൊതുജനാരോഗ്യ മേഖലയെയാകെ പുഛിക്കുന്ന മന്ത്രിയുടെ, ഈ പ്രതികരണമെന്ന് പ്രതിപക്ഷം ആരോപിച്ചാൽ തെറ്റ് പറയാനാകുമോ. പറഞ്ഞതിൽ എന്തെങ്കിൽ പ്രശ്നമുണ്ടെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ തിരുത്താൻ മന്ത്രിക്ക് ഇനിയും അവസരമുണ്ടെന്ന് ഓർമിപ്പിക്കുന്നു.




