തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ മുതല്‍ കുടിശിക നല്‍കുന്ന കാര്യം സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഫുള്‍ ബോര്‍ഡിന് ശുപാര്‍ശ ചെയ്ത ഉത്തരവ് വിവാദമായതിനു പിന്നാലെ റദ്ദാക്കുകയും ചെയ്തു. അടുത്ത മാസം മുതല്‍ 10 മാസത്തവണകളായാണ് കുടിശിക നല്‍കുക. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫില്‍ ലയിപ്പിക്കും.
2022 ജനുവരി മുതല്‍ 2024 ജൂലൈ വരെ 31 മാസത്തെ കുടിശിക വിതരണം ചെയ്യുമെന്ന കെഎസ്ഇബി ഉത്തരവില്‍ തീരുമാനമെടുക്കാത്തതിനെതിരെ കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, ഓഗസ്റ്റില്‍ വിതരണം ചെയ്യണമെന്ന് ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ മാസം 25 ന് കെഎസ്ഇബി ഒക്ടോബര്‍ മുതല്‍ കുടിശിക നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ ഫുള്‍ ബോര്‍ഡിന് ശുപാര്‍ശ ചെയ്ത ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ കൂട്ടായ്മ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ഒക്ടോബര്‍ 6 ന് ഹൈക്കോടതി ഈ കേസ് പരിഗണിക്കും.




