കുവൈത്ത് സിറ്റി: 2025 ജനുവരി 1 മുതൽ സെപ്റ്റംബർ അവസാനംവരെ 28,984ലേറെ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. താമസനിയമലംഘനം, ഒളിച്ചോടൽ, യാചന, ലഹരി ഉപയോഗം അല്ലെങ്കിൽ കൈവശംവെക്കൽ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലായും നാടുകടത്തലിന് കാരണമായത്.
നിയമലംഘകരെ അനധികൃത തൊഴിലാളികളായോ സുരക്ഷാ-സാമൂഹിക പ്രശ്നങ്ങൾക്ക് ഇടവരുത്താനിടയുള്ളവരായോ കണക്കാക്കുന്നതായും അധികൃതർ വ്യക്തമാക്കി. നാടുകടത്തപ്പെടുന്നവർക്ക് അല്ലെങ്കിൽ അവരുടെ സ്പോൺസർക്ക് വിമാനടിക്കറ്റ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചെലവ് വഹിക്കുന്ന സംവിധാനവും നിലവിലുണ്ട്. ഇതിന് ട്രാവൽ ഏജൻസികളുമായി മന്ത്രാലയം കരാറിലേർപ്പെട്ടിട്ടുണ്ട്.
ടിക്കറ്റിന്‍റെ ചെലവ് സ്പോൺസറുടെ പേരിൽ മന്ത്രാലയം സാമ്പത്തിക ക്ലെയിമായി രേഖപ്പെടുത്തും. തുക തിരിച്ചടയ്ക്കുന്നതുവരെ സ്പോൺസർക്കെതിരെ യാത്രാ വിലക്കോ സാമ്പത്തിക വിലക്കോ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസി നിയമലംഘകരെതിരായ ശക്തമായ നടപടികൾ തുടരുമെന്നും മുന്നറിയിപ്പ് നൽകി.




