കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനകളോട് എൽഡിഎഫ് മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടായിരുന്നില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ മുൻ എൽഡിഎഫ് സ്ഥാനാർഥിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഈ വിഷയത്തിൽ തങ്ങളുടെ എതിർപ്പ് മുന്നണിക്കുള്ളിൽ അറിയിച്ചിരുന്നുവെന്നും, മുന്നണിയിൽ ആവശ്യമായ തിരുത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകിയതെന്നും, തെരഞ്ഞെടുപ്പ് ഫലങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഏകദേശം പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകൾ ഇടതുപക്ഷത്തിൽ നിന്നാണ് നഷ്ടമായതെന്ന കാര്യത്തിൽ സംശയമില്ലെന്നും ദേവർകോവിൽ വ്യക്തമാക്കി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ചില മേഖലകളിൽ വോട്ടുചോർച്ച ഉണ്ടായതായും, അതിലെ വലിയൊരു വിഭാഗം എൻഡിഎയിലേക്ക് പോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുൻപേ തന്നെ ശ്രദ്ധേയമായ വോട്ടുശതമാനം ഉണ്ടായിരുന്നുവെങ്കിലും, സൗത്ത് മണ്ഡലത്തിലാണ് ഇത്തവണ കൂടുതൽ വളർച്ച ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വോട്ടുകളിൽ ഇടതുപക്ഷത്തിന് വലിയ കുറവ് ഉണ്ടായിട്ടില്ലെന്നും, എന്നാൽ മറുവശത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായതായി കാണാമെന്നും ദേവർകോവിൽ പറഞ്ഞു. മുമ്പ് സജീവമല്ലാതിരുന്ന ചില മുസ്ലിം രാഷ്ട്രീയ പാർട്ടികൾ ഇത്തവണ യുഡിഎഫിനൊപ്പമെത്തിയതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




