തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം തുടങ്ങിയതായി അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പോയി ഹൈക്കമാൻഡിനെ കാണുന്നതായി പറയുന്നുവെങ്കിലും, അവർക്ക് നേതാക്കളെ കാണാൻ പോലും സാധിക്കുന്നില്ലെന്ന് ശിവൻകുട്ടി വിമർശിച്ചു. വലിയ തുക ചെലവഴിച്ച് ഡൽഹിയിൽ പോയി കേരള ഹൗസിൽ താമസിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്കു നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ നിർമ്മിച്ച വീടുകളെ വിമർശിക്കുന്ന കോൺഗ്രസിന്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിരിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പറയുന്ന കണക്കുകൾ വിശ്വസിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.




