ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് മമതയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ സംവരണത്തെയല്ല മറിച്ച്, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിർത്തതെന്നും മമത കൂട്ടിച്ചേർത്തു. ഏറ്റവും അധികം വനിത പ്രാതിനിധ്യമുള്ള പാര്‍ട്ടി ടിഎംസിയാണ്. തൃണമൂലില്‍ തെരഞ്ഞെടുക്കപ്പെട്ട 37.9 ശതമാനം ജനപ്രതിനിധികളും വനിതകളാണെന്നും മമത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു. എന്നാൽ, ധൈര്യമുണ്ടെങ്കില്‍ ബിജെപി ഇപ്പോള്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ പ്രതികരിച്ചു.




