ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശവസംസ്കാരം വൈകുന്നത്.
ഫെബ്രുവരി 28-നാണ് 86-കാരനായ ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി മഷ്ഹദ് നഗരം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഖമനേയിയുടെ ജന്മനാടായ മഷ്ഹദ്, ഇസ്രയേലിൽ നിന്ന് അകലെയുള്ളതും കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുന്നതുമായ പ്രദേശമാണ്. മഷ്ഹദിൽ സ്ഥിതിചെയ്യുന്ന ഇമാം റെസ ദേവാലയത്തിന്റെ സുരക്ഷയും ശവകുടീരത്തിന് സംരക്ഷണം നൽകാൻ സഹായകരമാകുമെന്ന് അധികൃതർ കരുതുന്നു.
1989-ൽ മുൻ നേതാവ് ആയത്തുള്ള റുഹോള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ വലിയ ജനക്കൂട്ടം പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ര വലിയ ഒത്തുചേരൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു. ഖമനേയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് 8-ന് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. അതേ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന മുജ്തബ ഇപ്പോഴും ചികിത്സയിലാണ്.




