ന്യൂഡൽഹി: നോയിഡയിൽ അക്രമാസക്തമായി മാറിയ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആദിത്യ ആനന്ദ് എന്ന പ്രതിയെ ഗൗതംബുദ്ധ നഗർ പോലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ചില ദിവസങ്ങൾക്ക് മുമ്പ് നോയിഡയിൽ ആരംഭിച്ച തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് വഴിമാറിയിരുന്നു. സമരം അക്രമാസക്തമാകാനും കലാപം ഉണ്ടാകാനും പിന്നിൽ ആനന്ദിന്റെ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൗതംബുദ്ധ നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ തിരുച്ചിറപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.




