മലപ്പുറം: ദില്ലിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവേ, വി ഡി സതീശന് ഉറച്ച പിന്തുണയുമായി മുസ്ലീം ലീഗ് നിർണായക നീക്കം നടത്തുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് അടിയന്തര യോഗം ചേരാനും, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനും ലീഗ് തീരുമാനിച്ചു. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.
ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺഗ്രസ് മുന്നോട്ട് പോയാൽ ലീഗ് കടുത്ത നിലപാട് എടുക്കുമെന്ന് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സതീശന്‍റെ മതേതര നിലപാടുകൾ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.



