കാസർകോട്: മൗവ്വലിൽ വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്‌നർ ലോറിയിൽ തീപിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് സമീപമായിരുന്നു സംഭവം. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നറിലാണ് ആദ്യം തീപടർന്നത്. പിന്നീട് തീ ലോറിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ബേക്കൽ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും അണച്ചു. കണ്ടെയ്‌നറിലുണ്ടായിരുന്ന ഇരുപതോളം ഫ്രിഡ്ജുകൾ കേടുപാടുകളില്ലാതെ പുറത്തെടുക്കാനായി.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. അധികൃതരുടെ ഗതാഗത നിയന്ത്രണ നിർദേശം അവഗണിച്ചതാണ് ലോറി അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ ചൊവ്വാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽനിന്ന് ദേശീയപാത വഴി മംഗളൂരു ഭാഗത്തേക്ക് പോകണമെന്നായിരുന്നു നിർദേശം.
എന്നാൽ ലോറി സംസ്ഥാനപാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. പാലം അടച്ചിട്ട വിവരം അറിഞ്ഞതോടെ പള്ളിക്കര കവലയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മൗവ്വൽ വാട്ടർ ടാങ്ക് കവല വഴി ബേക്കൽ-തച്ചങ്ങാട് റോഡിലേക്ക് പ്രവേശിച്ചു. തുടർന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മൗവ്വൽ റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പികളിൽ തട്ടി ലോറിയിൽ തീപിടിച്ചത്.


