തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമായ വമ്പൻ പരിഷ്കാരങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം രംഗത്തെത്തി. തൊഴിൽ പെർമിറ്റ് നിരക്ക് കുറയ്ക്കുകയും, കാലാവധി ദീർഘിപ്പിക്കുകയും, നടപടികൾ ലളിതമാക്കുകയും ചെയ്യുന്ന പുതിയ ചട്ടക്കൂടാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
സുൽത്താനേറ്റിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും, ബിസിനസ് ഉടമകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും, തൊഴിൽ ലൈസൻസിന്റെയും താമസകാലയളവിന്റെയും ഇടയിൽ പൊരുത്തം ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങൾ.
വൈകല്യമുള്ളവർ, സ്വയം പരിചരണത്തിന് കഴിയാത്ത വയോധികർ, ഗാർഹിക വരുമാന സഹായ പദ്ധതിയുടെ ഗുണഭോക്താക്കൾ, പ്രത്യേക വൈദ്യസഹായം ആവശ്യമായവർ, ചൈൽഡ് കെയർ ജോലിക്കാർ, സ്വകാര്യ ഡ്രൈവർമാർ, നഴ്സുമാർ, ഹോം ഹെൽത്ത് അസിസ്റ്റന്റുമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് പൂർണ ഫീസ് ഇളവുകളും നൽകും.
തൊഴിലുടമ-തൊഴിലാളി ബന്ധം കൂടുതൽ ക്രമബദ്ധമാക്കാനും ഇരുവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിലവിലുള്ള നടപടികൾ ഇപ്പോഴും തുടരും.
പുതിയ നിയമപ്രകാരം, റിക്രൂട്ട്‌മെന്റ് ലൈസൻസിന്റെയും വർക്ക് പ്രാക്ടീസ് ലൈസൻസിന്റെയും കാലാവധി 15 മാസത്തിൽ നിന്ന് 24 മാസമായി നീട്ടും. ബിസിനസ് ഉടമകൾക്ക് തങ്ങളുടെ ലൈസൻസിലെ പ്രൊഫഷണൽ വിഭാഗങ്ങൾ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. കൂടാതെ, ഒമാനികളല്ലാത്ത തൊഴിലാളികളെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ വഴി നിയമിക്കുന്നതിനുള്ള ഫീസ് 141 റിയാലിൽ നിന്ന് 101 റിയാലായി കുറയ്ക്കും. സ്വദേശിവത്കരണം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീസിൽ 30% ഇളവുണ്ടാകും, നിയമലംഘനങ്ങൾ നടത്തിയവർക്ക് ഇരട്ട ഫീസ് അടയ്ക്കേണ്ടിവരും.
ഫീസ് അടയ്ക്കലിനും കാലതാമസ പിഴകൾക്കും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈസൻസ് പുതുക്കുന്നതിൽ വൈകിയാൽ ഓരോ തൊഴിലാളിക്കും പരമാവധി 500 റിയാൽ പിഴ മാത്രമേ അടയ്ക്കേണ്ടിയുള്ളൂ. കരാർ അവസാനിക്കൽ, തൊഴിലാളിയുടെ മരണം, വീസ സ്റ്റാറ്റസ് മാറ്റം, അല്ലെങ്കിൽ ഒമാനിൽ നിന്ന് മടങ്ങൽ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഫീസ് ഇളവുകളും നൽകും.
മെഡിക്കൽ പരിശോധന പരാജയപ്പെടുക, വീസ ലഭിക്കാതിരിക്കുക, തൊഴിലാളി അല്ലെങ്കിൽ തൊഴിലുടമ മരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ, ലൈസൻസ് ഫീസ് തിരികെ ലഭിക്കുകയോ പുതിയ ലൈസൻസ് എടുക്കാൻ അനുവാദം ലഭിക്കുകയോ ചെയ്യും. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമായ ഈ പുതിയ ചട്ടങ്ങൾ ഒമാനിലെ തൊഴിൽ മേഖല കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായതാക്കുമെന്നാണ് വിലയിരുത്തൽ.




