മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു.






