ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന കേസിൽ ആറുപേർ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായവർ. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളോടൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിയാണ് അക്രമികളെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
മലയാളി വിദ്യാർത്ഥികളും സഹപാഠിയായ അഭിനേഷും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിനും മോഷണത്തിനും വഴിവച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടർന്ന് അഞ്ചംഗ സംഘം വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമണം നടത്തി.
വീട്ടിൽ ആകെ 11 വിദ്യാർത്ഥികൾ താമസിച്ചിരുന്നുവെങ്കിലും നാലുപേർ നാട്ടിലേക്ക് പോയിരുന്നു. അവിടെ ഉണ്ടായിരുന്ന ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മുഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അക്രമികൾ കവർന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.




