കോഴിക്കോട്: മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. താഴത്ത് വെള്ളൂർ രൂപേഷിനെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ.ആർ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് 21-ന് കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവൻ കൊല്ലപ്പെട്ട കേസിലാണിത്. കാരപ്പറമ്പ് സ്വദേശിയായ സാഹിർ അലി നടത്തുന്ന മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞപ്പോൾ, രാജീവൻ ഇടപെട്ട് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടപെട്ട സാഹിർ അലിക്കും കത്തി കൊണ്ട് പരിക്കേറ്റിരുന്നു.
കോടതി രാജീവന്റെ ഭാര്യക്കും മകനുമടങ്ങുന്ന കുടുംബത്തിന് 1 ലക്ഷം രൂപ, സാഹിർ അലിക്ക് 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. കേസിൽ 43 സാക്ഷികളും 47 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ചേവായൂർ ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീനും അഡ്വ. രശ്മി റാംയും ഹാജരായി.




