മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി.
രോഗിയുടെ വലത് ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയയുടെ ആവശ്യകതയും സാധ്യതയുള്ള പ്രശ്നങ്ങളും ബന്ധുക്കളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ മൂന്ന് മണിക്കൂർ ഐസിയുവിൽ നിരീക്ഷിച്ച ശേഷമാണ് വാർഡിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനപ്പൂർവമായ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതി മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി നൽകിയിരുന്നു. കാൽവേദനയെ തുടർന്ന് ചികിത്സ തേടിയ 73-കാരിക്ക് മെയ് 12-നാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയയ്ക്കിടെ കാലിലെ ഞരമ്പുകൾ മുറിഞ്ഞതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായതായി കുടുംബം ആരോപിച്ചു. തുടർന്ന് വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രക്തക്കുഴലിലെ ഒന്നിലധികം ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയത്.






