കോഴിക്കോട്: മേപ്പയ്യൂരിൽ നിന്ന് മോഷണം പോയ ബൈക്ക് ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. സ്കൂൾ വിദ്യാർഥികളിൽ ലഹരി ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് വേളം പഞ്ചായത്ത് പരിധിയിലെ വീട്ടുവളപ്പിൽ നിന്ന് ബൈക്ക് കണ്ടെത്തിയത്.
വീടിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിനെക്കുറിച്ച് സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് അത് മേപ്പയ്യൂരിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് വ്യക്തമായത്. ബൈക്ക് ഒരു സുഹൃത്ത് നൽകിയതാണെന്നാണ് വിദ്യാർഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് ബൈക്ക് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയെ വിളിച്ചുവരുത്തി കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾ മുൻപും സമാനമായ മോഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാമെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
അടുത്തിടെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളെ ലഹരി നൽകി കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന സംഘങ്ങളുടെ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണവിധേയമാണ്.
സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് റൂറൽ എസ്.പി.യുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് വ്യാപക പരിശോധനയും അന്വേഷണവും നടത്തി വരികയാണ്. മേപ്പയ്യൂർ പോലീസും എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡിലെ എ.എസ്.ഐമാരായ വി.സി. ബിനീഷ്, സി.എം. സുനിൽകുമാർ, അഖിലേഷ് എന്നിവരും ചേർന്നാണ് ബൈക്ക് കണ്ടെത്തിയത്.






