തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിൽ 38 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവ്–പട്ടാമ്പി റോഡിലായിരുന്നു സംഭവം.
വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ കണ്ട് കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, മുന്നറിയിപ്പ് നൽകിയിട്ടും വാഹനം നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്.
കാറിന്റെ പിൻസീറ്റിലും ഡിക്കിയിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു 38 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് തൃശൂർ, കുന്നംകുളം, ചാലക്കാട് മേഖലകളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.
കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സനൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് വ്യക്തമാക്കി.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിന് ശേഷം സിറ്റി ഡാൻസാഫ് സംഘം നടത്തുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്.
ഇതിന് മുമ്പ് മണ്ണൂത്തിയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കളും കുന്നംകുളത്ത് കുക്കറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവും പിടികൂടിയിരുന്നു.






