ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദയാര ബുഗ്യാൽ മലനിരകളിലേക്കുള്ള ട്രെക്കിംഗിനിടെ കാണാതായ എംബിഎ വിദ്യാർത്ഥിനി ബബിത പാണ്ഡെയെ (24) കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബബിതയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
നൈനിറ്റാൾ സ്വദേശിനിയായ ബബിത, സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരോടൊപ്പമാണ് ഉത്തരകാശിയിലെത്തിയത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹർസിൽ, ഗംഗോത്രി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് റൈത്തൽ ഗ്രാമത്തിലെത്തിയത്. മെയ് 28-ന് റൈത്തലിൽ താമസിച്ച ഇവരെ അവസാനമായി ഒരുമിച്ച് കണ്ടത് അവിടുത്തെ സിസിടിവി ദൃശ്യങ്ങളിലാണെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് ദയാര ബുഗ്യാൽ ട്രെക്കിംഗ് പാതയിലൂടെ യാത്ര ചെയ്ത സംഘം ഗോയി ബേസ് ക്യാമ്പിൽ രാത്രി തങ്ങിയിരുന്നു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതായതായാണ് വിവരം. ഇതിനെ തുടർന്ന് വ്യാപകമായ തെരച്ചിലാണ് ആരംഭിച്ചത്.
കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, വനംവകുപ്പ് എന്നിവയുൾപ്പെടെ 150 അംഗ സംഘമാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. വനമേഖലകൾ, ട്രെക്കിംഗ് പാതകൾ, ഗുഹകൾ എന്നിവ കേന്ദ്രീകരിച്ച് സ്നിഫർ നായകളും ഡ്രോണുകളും ഉപയോഗിച്ച് പരിശോധന തുടരുകയാണ്. ക്യാമ്പിന് സമീപമുള്ള തടാകത്തിലും പ്രത്യേക ഡൈവിംഗ് സംഘം പരിശോധന നടത്തുന്നു.
അതേസമയം, ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘പ്രോ മൗണ്ടൻ’ എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ടൂറിസം പോർട്ടലിൽ ഇവരുടെ പേരിൽ സാധുവായ ഡിജിറ്റൽ പെർമിറ്റുകൾ ഇല്ലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രതിദിന ട്രെക്കർമാരുടെ നിശ്ചിത പരിധി മറികടക്കുന്നതിനായി കാലാവധി കഴിഞ്ഞ പെർമിറ്റിൽ പേരുകൾ ചേർത്ത് തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബബിതയെ കാണാതായ സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.






