കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് കണ്ടെത്തി. ഈ മാസം 18 മുതൽ കാണാതായിരുന്ന ഇരവിപുരം സ്വദേശിനിയെയും 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയുമാണ് സുരക്ഷിതരായി കണ്ടെത്തിയത്.
ക്ഷേത്രദർശനത്തിനായി പോകുന്നുവെന്ന് പറഞ്ഞ് സ്വന്തം കാറിൽ വീട്ടിൽനിന്ന് ഇറങ്ങിയ യുവതിയും മക്കളും വൈകിട്ടായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നതായി കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച പൊലീസ് ഒടുവിൽ മധുരയിൽ നിന്ന് മൂന്നുപേരെയും കണ്ടെത്തുകയായിരുന്നു.
സംഭവസമയത്ത് വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് വിവരം അറിഞ്ഞതോടെ നാട്ടിലെത്തിയിട്ടുണ്ട്. യുവതിയും കുട്ടികളും എങ്ങനെ തമിഴ്നാട്ടിലെത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.




