മലപ്പുറം: വീടുകളിൽ കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീൻ (44) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
കുറ്റിപ്പുളി മേഖലയിലെ വീടുകളിൽ പകൽസമയത്ത് എത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകളായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷമാണ് മോഷണം നടത്തിയിരുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അകത്ത് കയറി മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു പതിവെന്നും പൊലീസ് അറിയിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റ് മോഷണ സംഭവങ്ങളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലും സമീപ ജില്ലകളിലുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഷംസുദ്ദീനെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കരുവാരകുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്‌കയായ വീട്ടമ്മയെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഷംസുദ്ദീനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.


