ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം ആലപിച്ചില്ല. മദ്രാസ് ഐഐടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിലാണ് വന്ദേമാതരം ഒഴിവാക്കിയത്.
ചടങ്ങിൽ ആദ്യം ദേശീയഗാനമായ ജനഗണമനയും തുടർന്ന് സംസ്ഥാനഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.
ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ഉൾപ്പെടെ 13,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനും ശിലാസ്ഥാപനം നടത്താനുമാണ് പ്രധാനമന്ത്രി ഇന്നലെ തമിഴ്നാട്ടിലെത്തിയത്. ചടങ്ങിൽ പങ്കെടുത്തവരെ തമിഴിൽ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പിന്നീട് ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ചു.
മുഖ്യമന്ത്രി വിജയ്യുടെ പ്രസംഗവും ശ്രദ്ധേയമായി. തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ പ്രാഥമിക ഭാഷയായി പ്രഖ്യാപിക്കണമെന്നും തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ പദ്ധതിയുടെ 5,110 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാത ആറുവരിയാക്കുന്നതിനും മുൻഗണന നൽകണമെന്ന് വിജയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
നേരത്തെ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. അന്ന് തമിഴ് തായ് വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കണമെന്ന് നിർദേശിച്ച് സർക്കാർ പ്രമേയം പാസാക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു.




