കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. കേസിൽ അദ്നാനാണ് പ്രതിയെന്ന് കണ്ടെത്തി. മോഷണം പിടികൂടിയതിലുള്ള വിരോധവും വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെ പകയും ആണ് കൊലയ്ക്ക് കാരണം എന്ന് പൊലീസ് പറയുന്നു.
പുലർച്ചെ 5.11ന് നസ്രീനയുടെ മുത്തശ്ശി ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കളും വിളിച്ചെങ്കിലും ഫോൺ റിംഗ് ചെയ്തില്ല. പിന്നീട് കിണറ്റിൽ നിന്ന് കണ്ടെത്തിയ നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ് കോളുണ്ടായിരുന്നു. വിളിച്ചതിന്റെ തെളിവുകൾ ബന്ധുക്കളുടെ ഫോണിലും കണ്ടെത്തി.
ഇതിനൊപ്പം, പുലർച്ചെ അഞ്ചരയോടെ വർക്ക് ഏരിയയുടെ ഗ്രിൽ തുറക്കുന്ന ശബ്ദം സിസിടിവിയിൽ ലഭിച്ചു. എന്നാൽ ക്യാമറ അദ്നാൻ തിരിച്ച് വച്ചതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. കൃത്യത്തിന് ശേഷം നസ്രീനയുടെ രണ്ട് ഫോണുകളും സ്വന്തം ഫോണും അദ്നാൻ വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചതായും കണ്ടെത്തി. അദ്നാനെ മുറിയിൽ പൂട്ടിയ ശേഷം നസ്രീനയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട അദ്നാൻ വായിൽ പാക്കിംഗ് ടേപ്പ് ഒട്ടിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.




