ന്യൂയോർക്ക്: ലോകകപ്പിൽ അഞ്ച് തവണ ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. കളിയിലുടനീളം കാനറികളെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ സമനിലയിൽ കളിയവസാനിപ്പിച്ചത്.
മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോ ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും നൽകാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. തുടർന്നങ്ങോട്ട് മൊറോക്കൻ ആക്രമണമായിരുന്നു. ബ്രസീലിന്റെ പ്രകടനം നിറംമങ്ങിപ്പോയി. നെയ്മറുടെ അഭാവം പ്രകടമായിരുന്നു.
പിന്നാലെ മൊറോക്കോയുടെ ഗോൾവല ലക്ഷ്യമാക്കി ബ്രസീൽ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ബ്രസീൽ ആരാധകർ കാത്തിരുന്ന സമനില ഗോളെത്തി. വിനീഷ്യസാണ് അസാധ്യ ആംഗിളിൽ നിന്ന് വല കുലുക്കിയത്.






