തിരുവനന്തപുരം: തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ചിലരുണ്ടെങ്കിലും അത് നടക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങളിരുവരെയും മാറ്റിയാൽ പകരം ആരെ കൊണ്ടുവരുമെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം മേഖലാ റിപ്പോർട്ടിങ് യോഗത്തിലായിരുന്നു പ്രതികരണം.
സിപിഐഎം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനോ സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയാനോ നിലവിൽ ആലോചനയില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉയർന്നുവെന്ന പേരിൽ അവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയാണ് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യം ചില അംഗങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ എം.വി. ഗോവിന്ദനും പങ്കെടുത്തിരുന്നു.
ഇതിനിടെ, സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്തിയതായും വിവരമുണ്ട്. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പിഴവ് റിപ്പോർട്ടിൽ അംഗീകരിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നു. കൂടാതെ, സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
പത്മകുമാറിനെതിരായ നടപടി സംബന്ധിച്ച ചർച്ച ജില്ലാ കമ്മിറ്റിക്ക് വിട്ടുനൽകിയിട്ടുണ്ട്. തളിപ്പറമ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എതിർത്തിരുന്നുവെങ്കിലും അവർ സ്ഥാനാർഥിയായത് ആശ്ചര്യമുണ്ടാക്കിയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പിഴവ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.






