മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വെടിക്കെട്ട് താരങ്ങളുമായി എത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം തട്ടകമായ വാങ്കേഡേയിൽ മുംബൈ മോഹിക്കുന്നത് ജയം മാത്രമാണ്. ഏഴുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഇതുവരെ തോറ്റത് അഞ്ചുമത്സരങ്ങളാണ്. ഒമ്പതാം സ്ഥാനത്തുള്ള ടീമിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് ജയം അനിവാര്യമാണ്. അവസാനം കളിച്ച നാലുമത്സരവും ജയിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനെത്തുന്നത്.
മുംബൈ ക്യാമ്പിൽ പ്രതിസന്ധികളേറെയാണ്. വിശ്വസ്ത ബൗളർ ജസ്പ്രീത് ബുംറയ്ക്ക് സീസണില്‍ ഇതുവരെ വീഴ്ത്താനായത് രണ്ടുവിക്കറ്റ് മാത്രം. ട്രെന്‍റ് ബോൾട്ട് അടക്കമുളള മറ്റ് ബൗളർമാരുടെ കാര്യവും പരിതാപകരമാണ്. പരിക്കേറ്റ് പുറത്തായ മിച്ചൽ സാന്റ്നറിന് പകരം കേശവ് മഹാരാജോ, വിൽ ജാക്സോ ടീമിലെത്തും. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഹെന്റിച്ച് ക്ലാസനും ഉള്‍പ്പെടുന്ന സംഘത്തിന്റെ മികവിലാണ് ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ തുടങ്ങി ബൗളിങ്ങ് കരുത്തരും ധാരാളം. രോഹിത് ശർമ്മ പരിക്ക് മാറി ഇന്ന് ടീമിലേക്ക് തിരിച്ചെത്തും.




