ബെംഗളൂരു: ആറുവയസ്സുകാരിയായ വെണ്ണിലയുടെ മരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ ഒളിവിലായിരുന്ന അമ്മയും അഭിഭാഷകയുമായ പ്രിയങ്ക (44) അറസ്റ്റിലായി. ഹാസൻ ജില്ലയിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസിൽ നിന്നാണ് ബെംഗളൂരു പോലീസ് പ്രിയങ്കയെ പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു.
കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിയങ്കയുടെ സുഹൃത്തും സഹവാസിയുമായ ജി.എൻ. മോഹനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ മർദിക്കുകയും കരച്ചിൽ നിർത്താൻ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതായി ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും പ്രിയങ്കയുടെയും മകളായ വെണ്ണില (6) മാർച്ച് 24-നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഈ വർഷം ആദ്യം വിവാഹമോചിതരായ ദമ്പതികളുടെ മൂത്ത മകൾ പിതാവിനൊപ്പവും വെണ്ണില അമ്മയ്‌ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജ് സുഹൃത്തായ മോഹൻ ഇവരോടൊപ്പം താമസമാരംഭിച്ചു.
സംഭവദിവസം പ്രിയങ്കയും വെണ്ണിലയും മോഹനും ഷോപ്പിംഗിന് പോയശേഷം ഭക്ഷണം കഴിക്കാൻ ഹൊസ്‌കോട്ടിലെത്തി. അവിടെ നിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി മടങ്ങുന്നതിനിടെ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളിൽ വീണു. ഇത് മോഹനെ പ്രകോപിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരഞ്ഞപ്പോൾ ഇയാൾ കുട്ടിയെ മർദിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
മകളുടെ മരണം കൊലപാതകമാണെന്ന് തുടക്കം മുതൽ സംശയമുണ്ടെന്ന് പിതാവ് പ്രവീൺ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയെ തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മർദനമേറ്റതും മരണത്തിൽ ദുരൂഹതയുണ്ടെന്നും വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ശരിവെച്ചു.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക മൊബൈൽ ഫോണോ എടിഎം കാർഡുകളോ ഉപയോഗിക്കാതെയാണ് വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നത്. ഒടുവിൽ മോഹന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
അതേസമയം, കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ കടുഗോഡി പോലീസിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയകരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലും വിശദമായ അന്വേഷണം ആരംഭിക്കുന്നതിലും കാലതാമസം ഉണ്ടായെന്നാണ് ആരോപണം.
മാർച്ച് 25-ന് രാവിലെ പ്രിയങ്കയും മോഹനും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ച നിലയിലായിരുന്നു. മരണകാരണം സംബന്ധിച്ച് ഇരുവരും ആദ്യം പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ആദ്യം പറഞ്ഞ ഇവർ പിന്നീട് കാറിൽ എസി ഓൺ ചെയ്ത് ഉറങ്ങിയതിനെ തുടർന്നാണ് ആരോഗ്യനില വഷളായതെന്ന് മൊഴി മാറ്റി. ഈ വൈരുധ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും കൊലപാതക സംശയം ശക്തമാക്കുകയായിരുന്നു.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






