കോട്ടയം: പാലാ നഗരസഭയിൽ ചർച്ചകൾക്ക് വഴങ്ങാതെ കൗൺസിലോർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയിലെ ചെയർപേഴ്സണിലും സംവിധാനത്തിലും വിശ്വാസമില്ലെന്നും, ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സഹകരണം തുടരുമെന്നും കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. നേതൃ ചർച്ചകളിൽ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് കൗൺസിലർമാർ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാണി സി കാപ്പന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് പ്രശ്നം തുടരുകയാണ്. ജില്ലാ നേതൃത്വവും കൗൺസിലർമാരുമായി ഉടൻ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഇതിനിടെ, കോൺഗ്രസ് കൗൺസിലർമാരിൽ ഒരാളുടെ പേരിൽ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ നൽകിയതായി ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ ചെയർപേഴ്സൺ ദിയ ബിനുവിനോടും സ്വതന്ത്ര കൂട്ടായ്മയോടും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ, കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കി. വിശ്വാസമില്ലെങ്കിൽ അവിശ്വാസപ്രമേയം പോലും കാത്തുനിൽക്കാതെ രാജിവെക്കാമെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം പ്രതികരിച്ചു.






