മലപ്പുറം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിംലീഗ്. ബി.എൽ.ഒമാരുടെ അടക്കം ജോലി സമ്മർദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസം ബിഎൽഒ ആത്മഹത്യ ചെയ്തതിന് പിന്നിൽ എസ്ഐആർ നടപടികൾ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകരായിരിക്കും ഹാജറാവുക. കണ്ണൂരിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത വിഷയം അടക്കമാണ് ഫയലിൽ പ്രതിപാദിച്ചിട്ടുള്ളത്. എസ്ഐആർ വിഷയത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും ഇതിൽ ഭാഗമാകണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.




