തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നിർദേശം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. അത്തരമൊരു നിർദേശം വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എംവിഡി അറിയിച്ചു.
നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണത്തിൽ കുട്ടികളെ കയറ്റി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് വിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് വകുപ്പ് അഭ്യർഥിച്ചു.
കുട്ടികളെ സ്കൂൾ ബസുകളിൽ മാത്രം അയക്കണമെന്നും ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നുമുള്ള നിർദേശം എംവിഡി നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഓട്ടോറിക്ഷകളിൽ അനുവദനീയ പരിധിയിലധികം കുട്ടികളെ കയറ്റുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ അത് ഒഴിവാക്കണമെന്നും എംവിഡി ഓർമ്മിപ്പിച്ചു.
ഇതിനിടെ സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. തിരുവനന്തപുരത്തെ തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന 17-ാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഓരോ ജില്ലയിലും രണ്ട് വീതം ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. പരമ്പരാഗത പരിശോധനാ രീതികൾക്ക് പകരം സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് വകുപ്പ് മാറുന്നതെന്നും മന്ത്രി പറഞ്ഞു.
ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും പുതിയ ഘട്ടത്തിലേക്കാണ് മോട്ടോർ വാഹന വകുപ്പ് കടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നായ കേരളം വികസിപ്പിച്ച ‘സ്മാർട്ട് മൂവ്’ ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ ‘പരിവാഹൻ’ സംവിധാനത്തിന് അടിസ്ഥാനമായത്. വാഹൻ, സാരഥി പ്ലാറ്റ്ഫോമുകളിലെ നിരവധി പരിഷ്കാരങ്ങളും കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകളും വാഹന പരിശോധനകളും കൂടുതൽ സുതാര്യവും സാങ്കേതികമായി മെച്ചപ്പെട്ടതുമാക്കുന്നതിനായി അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകളുടെ സേവനം വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






