കൊച്ചി: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ മോഡിഫൈ ചെയ്ത കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഏകദേശം 70,000 രൂപ ചെലവിട്ട് കാറിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതാണ് കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തെ മറികടന്ന് അപകടകരമായി പാഞ്ഞ കാറിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ മൊബൈൽ ഫോണിൽ പകർത്തി ട്രാഫിക് പൊലീസിന് അയച്ചു. തുടർന്ന് ഇടപ്പള്ളി ട്രാഫിക് പൊലീസ് വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പിന് കൈമാറി.
എറണാകുളം എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ നിരവധി ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് 35,000 രൂപ പിഴ ചുമത്തി. വൈപ്പിൻ സ്വദേശിയായ കാർ ഉടമയുടെ മകൻ ആണ് വാഹനത്തിൽ അനധികൃത മാറ്റങ്ങൾ വരുത്തിയത്. സൈലൻസർ ഉൾപ്പെടെയുള്ള എല്ലാ മാറ്റങ്ങളും നീക്കം ചെയ്ത് വാഹനം പഴയ നിലയിലേക്ക് മാറ്റി ആർ.ടി ഓഫീസിൽ ഹാജരാക്കാൻ നിർദേശം നൽകി. കൂടാതെ, ഡ്രൈവറെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർബന്ധിതനാക്കി. ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.




