ന്യൂഡൽഹി: മുൻ എം.പി. നരേഷ് ഗുജ്‌റാളിന്റെ കമ്പനിയെ ലക്ഷ്യമിട്ട് വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകനായ നരേഷ് ഗുജ്‌റാളിന്റെ സ്ഥാപനത്തിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട് ചെയ്തു.
നരേഷ് ഗുജ്‌റാളിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി ഉപയോഗിച്ച വ്യാജ അക്കൗണ്ടിൽനിന്നാണ് കമ്പനി ജീവനക്കാരന് സന്ദേശം ലഭിച്ചത്. ആർടിജിഎസ് മുഖേന നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക കൈമാറാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരൻ നാല് ഘട്ടങ്ങളിലായി 7.8 കോടി രൂപ അയച്ചു. ജൂൺ 12 മുതൽ 16 വരെയുള്ള ദിവസങ്ങളിലായിരുന്നു പണം കൈമാറ്റം നടന്നത്.
ഇത്രയും വലിയ തുക ഉൾപ്പെട്ടതിനാൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണിതെന്ന് പൊലീസ് വ്യക്തമാക്കി. വലിയ തുകയുടെ ഇടപാടിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി ബന്ധപ്പെട്ടിരുന്നെങ്കിലും, നരേഷ് ഗുജ്‌റാളിന്റെ നിർദേശപ്രകാരമാണെന്ന് കരുതിയാണ് ഇടപാടുകൾക്ക് അനുമതി നൽകിയത്.
പിന്നീട് നരേഷിന്റെ മകൾ ദിക്ഷ ഗുജ്‌റാളുമായി സംസാരിച്ചപ്പോഴാണ് ജീവനക്കാരന് തട്ടിപ്പിന്റെ വിവരം മനസ്സിലായത്. തുടർന്ന് കമ്പനി പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ നാല് കോടി രൂപ മരവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പുകാർക്ക് കൈമാറിയ തുകയുടെ വലിയൊരു ഭാഗം തിരിച്ചുപിടിക്കാനോ തടയാനോ കഴിഞ്ഞതായി നരേഷ് ഗുജ്‌റാൾ പ്രതികരിച്ചു.
ചാർട്ടേഡ് അക്കൗണ്ടൻസി, ടെക്സ്റ്റൈൽ, ലെതർ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കുടുംബമാണ് ഗുജ്‌റാൾ കുടുംബം.




