കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതിന് മുമ്പ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതായി കുടുംബത്തിന് വിവരം ലഭിച്ചത്. വകുപ്പ് മേധാവിയായ ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ. റാം വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് സഹപാഠികൾ പൊലീസിന് മൊഴി നൽകിയിരുന്നത്.
സംഭവത്തെ തുടർന്ന് ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.





