തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി യോജിക്കാത്ത ബജറ്റാണിതെന്നും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാൻ ആവശ്യമായ ധനസമാഹരണ മാർഗങ്ങളെക്കുറിച്ച് യാതൊരു വ്യക്തതയും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ ആവർത്തനമാണ് ഇതെന്നും എം.ടി. രമേശ് പറഞ്ഞു. വാഗ്ദാനങ്ങൾ വാരിവിതറുന്നതിലുപരി യാഥാർഥ്യബോധമുള്ള സാമ്പത്തിക സമീപനം ബജറ്റിൽ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രസംഗ മത്സരമായിരുന്നെങ്കിൽ വി.ഡി. സതീശന് പുരസ്കാരം നൽകാമായിരുന്നുവെന്നും സഭയിൽ അദ്ദേഹം മികച്ച പ്രസംഗം നടത്തിയെന്നും പരിഹാസരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചും എം.ടി. രമേശ് പ്രതികരിച്ചു. പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിന് ശേഷമാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതെന്നും പദ്ധതി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്നും, അത്തരമൊരു തീരുമാനം എടുക്കാൻ അധികാരമുള്ളത് കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയോട് സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിക്കുന്നതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അന്ധമായ കേന്ദ്രവിരുദ്ധ നിലപാടുകൾ ഒടുവിൽ കേരളത്തിനാണ് തിരിച്ചടിയാകുന്നതെന്നും എം.ടി. രമേശ് ആരോപിച്ചു.
അതേസമയം, വീണ ടി.ക്കെതിരായ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപിയോ കേന്ദ്ര സർക്കാരോ കേസിൽ ഇടപെടുന്നില്ലെന്നും അന്വേഷണവും ചോദ്യം ചെയ്യലും സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പരാമർശിക്കപ്പെട്ട എല്ലാ വ്യക്തികളെയും കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, യുഡിഎഫ് നേതാക്കളുടെ പേരുകളും ആരോപണങ്ങളിൽ ഉയർന്നുവന്നിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.






