കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവപരമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമര്‍ശനവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും ജയരാജന്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഐഎം ഭരണഘടന അനുശാസിക്കുന്നത് പിന്‍തുടരണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.




