ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതൽ ഇന്ധനവും നൽകേണ്ടതില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി കെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലയളവ് വര്‍ധിപ്പിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴ ഈടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ നിരത്തുകളിലുള്ള 56 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്നും ഇത് വാഹനാപകടങ്ങളിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഓട്ടമാറ്റിക് ഇ-ചെലാനുകള്‍ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് ഡേറ്റാബേസിനെ ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ (എഎന്‍പിആര്‍) കാമറകളുമായി ബന്ധിപ്പിക്കുക, വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോയെന്ന് കണ്ടെത്താന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കയ്യില്‍ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങള്‍ നല്‍കുക, പുതിയ വാഹനങ്ങള്‍ക്കുള്ള നിര്‍ബന്ധിത തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി വര്‍ധിപ്പിക്കുക, പഴയ വാഹനാപകട നഷ്ടപരിഹാരക്കേസുകള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കുക എന്നീ നിര്‍ദേശങ്ങളും കോടതി നല്‍കി.




