ചെന്നൈ: ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച രാവിലെ 10 മണിക്ക് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി മരിയ വിൽസണാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഗൃഹനാഥകൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തുമെന്നും, സംസ്ഥാനത്തെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും ടി.വി.കെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വ്യക്തമാക്കിയിരുന്നു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് നൽകുന്ന ബാങ്ക് വായ്പ പരിധി ഉയർത്തുന്ന പ്രഖ്യാപനവും ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
ടാസ്മാക് മദ്യശാലകൾ സ്വകാര്യവത്കരിക്കുമെന്ന സൂചനയും സർക്കാർ നേരത്തെ നൽകിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച പ്രത്യേക കാർഷിക ബജറ്റും അവതരിപ്പിക്കും. തമിഴ്നാട്ടിൽ ആദ്യമായാണ് കാർഷിക ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്നത്. അതേസമയം, കാവേരി വിഷയവും ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും ഉയർത്തി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.




