വാട്സാപ്പിൽ ആരെങ്കിൽ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചാൽ ഫോൺ നമ്പർ നൽകുന്നതിന് വിഷമമുണ്ടോ? എങ്കിലിതാ അത് പരിഹരിക്കാൻ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുകയാണ് മെറ്റ. ഇൻസ്റ്റഗ്രാമിലെല്ലാം ഉള്ളതുപോലെ യൂസർനെയിം നൽകിയാൽ മെസേജ് ചെയ്യാം. ഈ ഫീച്ചർ ഇന്ത്യയിലെ ചില യുസേഴ്സിന് ലഭിച്ചു തുടങ്ങി.
ഈ ഫീച്ചർ ഇപ്പോൾ ലഭിക്കുമോ എന്നറിയാൻ വാട്‌സാപ്പിന്റെ സെറ്റിങ്‌സ് മെന്യു തുറക്കുക. ലഭ്യമാണെങ്കിൽ Username എന്നൊരു സെക്ഷൻ കാണാൻ സാധിക്കും. നിലവിൽ പരീക്ഷണാർത്ഥം ചില ആളുകൾക്ക് മാത്രമാണ് ഇത് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാട്‌സാപ്പ് പറയുന്നത് ഈ ഫീച്ചർ എല്ലാവർക്കും നൽകുന്നതിനുള്ള അന്തിമ തയ്യാറെടുപ്പാണ് ഇതെന്നാണ്. എന്നുപറഞ്ഞാൽ, ഇപ്പോൾ യൂസർനെയിം ഓപ്ഷൻ ഇല്ലെങ്കിലും അധികം താമസിയാതെ ലഭിക്കും.
തങ്ങളുടെ മൊബൈൽ നമ്പർ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം യുസർനെയിം ഫീച്ചർ ഒരു അനുഗ്രഹമായിരിക്കും. ആരെങ്കിലും കോണ്ടാക്ട് ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞാൽ അവർക്ക് ഫോൺ നമ്പറിനു പകരം വാട്‌സാപ്പ് യൂസർനെയിം നൽകാം എന്നതാണ് ഇതിന്റെ മെച്ചം.




