തന്തൂർ അടുപ്പില്ലാതെ തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ കഴിഞ്ഞാലോ ? വെറും പ്രഷർ കുക്കർ ഉപയോഗിച്ച്, എളുപ്പത്തിലും രുചികരമായും തന്തൂരി ചിക്കൻ ഉണ്ടാക്കാം. അതും റസ്റ്ററന്‍റിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ.
ചേരുവകൾ
ചിക്കൻ – 1 കിലോ ചിക്കൻ. ചിക്കനിൽ ആഴത്തിലുള്ള വരകളിടുക
കട്ടിത്തൈര്/ ഗ്രീക്ക് യോഗർട്ട് – ½ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി – 1-2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചാട്ട് മസാല – ½ ടീസ്പൂൺ
കസൂരി മേത്തി – ടീസ്പൂൺ
കടുക് എണ്ണ – 1 ടേബിൾസ്പൂൺ
ചുവപ്പ് ഫുഡ് കളർ – 2-3 തുള്ളി
ഒരു ചെറിയ സ്റ്റീൽ സ്റ്റാൻഡ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, ചാട്ട് മസാല, കസൂരി മേത്തി, കടുക് എണ്ണ, ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതാണ് തന്തൂരി മസാല കൂട്ട്. ഇതിലേക്ക് വരഞ്ഞുവെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മസാല എല്ലാ ഭാഗത്തും നന്നായി പുരട്ടുക.
മസാല പുരട്ടിയ ചിക്കൻ കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കുക. ഒരു രാത്രി മുഴുവൻ വെക്കുകയാണെങ്കിൽ രുചി ഇരട്ടിക്കും. ഇനി ഇത് പാകം ചെയ്യാം. ഒരു പ്രഷർ കുക്കറിന്‍റെ അടിയിൽ ഒരു ചെറിയ സ്റ്റീൽ സ്റ്റാൻഡ് വെക്കുക. സ്റ്റാൻഡിന്‍റെ അടിയിൽ ഏകദേശം അര കപ്പ് വെള്ളം ഒഴിക്കുക (ചിക്കൻ വെള്ളത്തിൽ മുങ്ങരുത്, സ്റ്റാൻഡിന് താഴെ മാത്രം വെള്ളം മതി). മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്റ്റാൻഡിന് മുകളിൽ വെക്കുക.
കുക്കറിന്‍റെ വിസിൽ ഊരിമാറ്റുക, ശേഷം കുക്കർ അടച്ച് ചെറിയ തീയിൽ 20-25 മിനിറ്റ് നേരം വേവിക്കുക. ഇടയ്ക്ക് ചിക്കൻ അടിക്ക് പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക. ആവശ്യമാണെങ്കിൽ അല്പം വെള്ളം ചേർക്കാം. ഇനി തന്തൂരി ഫിനിഷ് അഥവാ കരിച്ചെടുക്കുകയാണ് വേണ്ടത്. ചിക്കൻ വെന്ത ശേഷം, കുക്കർ തുറന്ന് ചിക്കൻ കഷ്ണങ്ങൾ ശ്രദ്ധയോടെ പുറത്തെടുക്കുക.
ഇനി ഇത് ഒരു ഗ്രില്ലിലോ, പാനിലോ, അല്ലെങ്കിൽ നേരിട്ട് ഗ്യാസ് അടുപ്പിന്‍റെ തീയിലോ വെച്ച് ചെറുതായി കരിച്ചെടുക്കാം. നേരിട്ട് തീയിലാണെങ്കില്‍ ഗ്യാസ് സ്റ്റൗവിലെ തീ കുറച്ച്, ഓരോ ചിക്കൻ കഷ്ണവും നേരിട്ട് തീയുടെ മുകളിൽ വെച്ച് എല്ലാ വശവും ചെറുതായി കരിച്ചെടുക്കുക. ഇത് തന്തൂരി രുചിയും പുകഞ്ഞ മണവും നൽകും.
പാനിൽ ആണെങ്കില്‍ ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി അല്പം എണ്ണ തേച്ച്, ചിക്കൻ കഷ്ണങ്ങൾ എല്ലാ വശവും മൊരിഞ്ഞും കരിഞ്ഞും വരുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ഇങ്ങനെ തയ്യാറാക്കിയ തന്തൂരി ചിക്കൻ ചൂടോടെ സാലഡ്, പുതിന ചട്ണി, നാരങ്ങ കഷ്ണങ്ങൾ മുതലായവക്കൊപ്പം വിളമ്പാം.












