Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവയവ കച്ചവട മാഫിയയുടെ വേരറുക്കാൻ എത്തുന്നു ആക്ഷൻ ഹീറോ ഡിവൈഎസ്പി ബൈജു പൗലോസ്; കുടുങ്ങുമോ വമ്പൻ സ്രാവുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന വാർത്തകളിലൊന്നായിരുന്നു കൊച്ചിയിലെ അടക്കം പ്രമുഖ ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ അവയവ കച്ചവട മാഫിയയുടെ സ്വാധീനം. എന്നാലിപ്പോഴിതാ, എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന് കൂട്ടായി പോലീസിലെ യഥാര്‍ത്ഥ ‘ആക്ഷന്‍ ഹീറോ’ ഡിവൈ.എസ്.പി. ബൈജു പൗലോസ് എത്തുന്നതോടെ, അവയവക്കച്ചവട മാഫിയയെ വേരോടെ പിഴുതെറിയാനുള്ള അന്വേഷണത്തിന് പുതിയ വേഗം കൈവരുകയാണ്. അവയവ മാഫിയയെ പൂട്ടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിര്‍ണായക ചുമതലകളോടെ ബൈജു പൗലോസിനെ ആലുവ ഡിവൈ.എസ്.പി.യായി നിയമിച്ച നടപടി കേസില്‍ വലിയ വഴിത്തിരിവാകും.

പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ ഉദ്യോ​ഗസ്ഥ തലത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ പൊലീസിലും വന്‍ അഴിച്ചുപണിയാണ് നടക്കുന്നത്. 161 ഡിവൈഎസ്പിമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. അങ്ങനെയാണ് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകുന്നത്.

ഉന്നതരുടെയോ രാഷ്ട്രീയക്കാരുടെയോ യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത, സങ്കീര്‍ണമായ കേസുകള്‍ തെളിയിച്ച് പരിചയസമ്പത്തുള്ള ബൈജു പൗലോസിന്റെ വരവ് ഇത്തരം ഇടപാടുകളിൽ പങ്കുള്ള ആശുപത്രി മാനേജ്മെന്റുകളുടേയും മാഫിയയുടെ ഇടനിലക്കാരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്ന് വ്യക്തം. ഇപ്പോൾ പിടിയിലായിരിക്കുന്നതെല്ലാം ചെറുമീനുകളാണ്. റൂറല്‍ എസ്.പി. സുദര്‍ശന്റെ കൃത്യമായ ആസൂത്രണവും ബൈജു പൗലോസിന്റെ ഫീല്‍ഡ് തലത്തിലെ പടയോട്ടവും ചേരുന്നതോടെ അവയവക്കടത്ത് കേസിൽ ഇതുവരെ മറയത്തിരിക്കുന്ന വമ്പന്‍സ്രാവുകള്‍ വലയിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇനി ഈ ബൈജു പൗലോസിനെ ഇതുവരേയും മനസിലാകാത്തവർക്ക് വേണ്ടി മാത്രം ഒരു സംഭവം പറയാം. മലയാള സിനിമയിലെ പ്രബലനായ നടന്‍ ദിലീപിനെ പ്രതിക്കൂട്ടിലാക്കിയ നടിയെ ആക്രമിച്ച കേസ് സിനിമാറ്റിക് ട്വിസ്റ്റുകളിലൂടെ അന്വേഷിച്ചു വിജയിപ്പിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ബൈജു പൗലോസ്. ദിലീപിനെ റിമാൻഡിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേസന്വേഷണത്തിന്റെ പേരില്‍ നിരവധി കള്ളക്കേസുകളും പ്രതിസന്ധികളും നേരിട്ട അദ്ദേഹത്തെയും കഴിഞ്ഞ സര്‍ക്കാര്‍ ക്രമസമാധാന ചുമതലകളില്‍ നിന്ന് മാറ്റി എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ, തെളിവുകള്‍ കൃത്യമായി ശേഖരിച്ച് ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച അന്വേഷണത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ഇദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് ദിലീപിനെ കോടതി വെറുതെ വിട്ടെങ്കിലും പള്‍സര്‍ സുനി അടക്കമുള്ളവരെ ശിക്ഷിച്ചിരുന്നു.

കേസന്വേഷണത്തിനിടയില്‍ പ്രതിഭാഗത്തു നിന്നും മറ്റ് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും കടുത്ത ഭീഷണികളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും അതിനെയെല്ലാം നിയമപരമായി അതിജീവിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തുടര്‍ന്ന് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യ പരാതിക്കാരനായി മാറിയതും ബൈജു പൗലോസ് ആയിരുന്നു. സങ്കീര്‍ണവും ഉന്നതർ ഉൾപ്പെട്ടതും പ്രമാദവുമായ ഇത്തരം കേസുകളില്‍ കാണിച്ച ഈ കൃത്യതയാണ് ഇദ്ദേഹത്തിന് സംസ്ഥാന പോലീസില്‍ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന പേര് നല്‍കിയത്.

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് സസ്പെന്‍ഷന്‍ ഉറപ്പാക്കിയ വിജിലന്‍സ് ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീമിലെ പ്രമുഖ സാന്നിധ്യമായിരുന്നു ബൈജു പൗലോസ്. ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗുരുതര കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഇത്തരം കേസുകളില്‍ അന്വേഷണ ചുമതല ഏല്‍പ്പിക്കാമെന്ന നിയമസാധ്യത മുന്നില്‍ കണ്ടാണ് പുതിയ സര്‍ക്കാര്‍ ബൈജു പൗലോസിനെ ഈ കേസിന്റെ നേരിട്ടുള്ള അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ഷൗക്കത്തലിയുടെ ശക്തമായ മേല്‍നോട്ടവും ബൈജു പൗലോസിന്റെ സൂക്ഷ്മമായ അന്വേഷണ മികവും ഒന്നുചേർന്നപ്പോൾ തെറിച്ചത് വമ്പൻ കസേരകൾ.

പോലീസിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള തടസ്സമില്ലാത്ത പ്രവര്‍ത്തന പരിചയവും തെളിവുകള്‍ ശാസ്ത്രീയമായി കണ്ടെത്തുന്നതിലെ സാമര്‍ത്ഥ്യവും ബൈജു പൗലോസിനെ വേറിട്ടുനിര്‍ത്തുന്നു. അതിനാൽ തന്നെ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ, വിദേശത്തേക്ക് വരെ കണ്ണികൾ നീളുമെന്നുറപ്പുള്ള, എറണാകുളം കേന്ദ്രീകരിച്ച് പടര്‍ന്നുപന്തലിച്ച അവയവക്കച്ചവട മാഫിയയെ പൂട്ടാനും ഇദ്ദേഹത്തിന്റെ വരവ് വലിയ രീതിയിൽ ​ഗുണം ചെയ്യും.

നിലവില്‍ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ വ്യാജ അനുമതി പത്രങ്ങളും സാമ്പത്തിക ഇടപാടുകളും പിടിച്ചെടുക്കുന്നതിലാണ് ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ കേസ് ഇഡിയടക്കമുള്ള കേന്ദ്ര ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് സമാന്തരമായി, റൂറല്‍ പോലീസിന്റെ ദൗത്യത്തിന് ബൈജു പൗലോസ് വേഗം കൂട്ടുമ്പോള്‍ പ്രതികള്‍ക്ക് ഊരിപ്പോരുക എളുപ്പമാകില്ല. ആശുപത്രി മാനേജ്മെന്റുകള്‍ക്കും ഇടനിലക്കാര്‍ക്കും എതിരായ നിയമ നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തല്‍. ഇതിന് പിന്നാലെ ആശുപത്രി മാനേജ്മെന്‍റുമായി ബന്ധപ്പെട്ടവരെ ഇഡി ചോദ്യം ചെയ്യുകയും ഡോക്ടർമാർക്ക് ഉൾപ്പെടെ സമൻസും അയച്ചിരുന്നു. ആരും തൊടാൻ ഒന്ന് വിറച്ചിരുന്ന കേസ് കുത്തിപ്പൊക്കിയതിൽ മാധ്യമങ്ങളുടെ ഇടപെടലും നിർണായകമായി.

ലേക്ഷോർ ഉൾപ്പെടെയുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ED റെയ്ഡ് നടത്തിയതോടെയാണ് അവയവക്കടത്തിന്റെ വ്യാപ്തി കേരളം ശരിക്കും അറിഞ്ഞത്. കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന. റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിൻ്റെ അക്കൌണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തൽ. നേരത്തെ, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പൊലീസ് സംഘം നജീബ്​ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.

അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയയാണെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുള്ളതാണ്. ദാതാക്കൾക്ക്​ കുറഞ്ഞ തുക നൽകി വൻ തുകക്കാണ് അവയവങ്ങൾ​ മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന്​ ഇരയാകുന്നതിലധികവും​ സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്നവരുമായിരുന്നു. എംഎൽഎ, എംപി, പൊലീസ്​ എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ നിർമിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

നിയമത്തിന്റെ വഴിയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ബൈജു പൗലോസും, റൂറല്‍ എസ്.പി. സുദര്‍ശനും ഒന്നിക്കുമ്പോള്‍ അവയവക്കടത്തിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer