ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയ അക്രമങ്ങളുടെയും അസ്വസ്ഥതകളുടെയും പുതിയ അന്തരീക്ഷത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഭയത്തിന്റെയും അസ്ഥിരതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കലാപമാണിതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫെബ്രുവരി 12-നു നടക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യം ബംഗ്ലാദേശില്‍ ഉടലെടുത്തിരിക്കുന്നത്.
സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്ന് വരുന്നത്.
വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് അക്രമം പൊട്ടിപുറപ്പെട്ടത്. ഉസ്മാന്‍ ഹാദിയുടെ മരണത്തിന് തൊട്ടുപിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ച് ഉടന്‍ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി. തീവെപ്പ്, നാശനഷ്ടങ്ങള്‍, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.
ജനക്കൂട്ടം ഹൈവേകള്‍ ഉപരോധിച്ചു, മുന്‍ മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. മാധ്യമ സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രമുഖ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളും ഇതിനകം നശിപ്പിച്ചു. ധാക്കയില്‍, ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുകയും ബാരിക്കേഡുകള്‍ തകര്‍ത്ത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളില്‍ സ്വാധീനമുണ്ടക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങളും. നീണ്ടകാലം നിഴല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ശേഷം 2024-ല്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്ഐ ബംഗ്ലാദേശില്‍ നീക്കങ്ങള്‍ നടത്തിവരുന്നത്. പാകിസ്താന്‍-ബംഗ്ലാദേശ് കൂട്ടുകെട്ടിനെക്കുറിച്ച് ഇന്ത്യക്ക് ഇതിനോടകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി, ഇന്‍ഖിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അതുവഴി പാകിസ്താനിലേതിന് സമാനമായ ഒരു ഇന്ത്യാ വിരുദ്ധത ബംഗ്ലാദേശില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ഐഎസ്ഐ ലക്ഷ്യംവെച്ചിരിക്കുന്നത് എന്നാണ് ഇന്റലിജന്‍സ് വിശകലന വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ ഐഎസ്ഐയുടെ ഒരു പ്രത്യേക സെല്‍ സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ യൂണിറ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഈ സെല്ലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്ന റാങ്കിലുള്ള നിരവധി സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍മാര്‍ എന്നിവരോടൊപ്പം പാകിസ്താന്റെ നാവികസേനയിലും വ്യോമസേനയിലും നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുമുണ്ട്.
2024 ഓഗസ്റ്റ് മുതല്‍ ബംഗ്ലാദേശില്‍ നിലവിലുള്ള മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരും ഷഹ്ബാസ് ഷെരീഫ് സര്‍ക്കാരും വേഗത്തിലും ഏകോപനത്തോടെയുമാണ് നീങ്ങിയത്.
ഓഗസ്റ്റിലെ ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറലിന്റെ റാവല്‍പിണ്ടി സന്ദര്‍ശനവും പാകിസ്താന്‍ ലെഫ്റ്റനന്റ് ജനറല്‍ തബ്സും ഹബീബിന്റെ ഒക്ടോബര്‍ മാസത്തിലെ ധാക്ക സന്ദര്‍ശനം ഉള്‍പ്പെടെ നടന്ന ഉന്നതതല സൈനിക കൂടിക്കാഴ്ചകള്‍, പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ കൂടുതല്‍ ആഴത്തിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനകളാണ്.
ഈ സൈനിക ബന്ധങ്ങള്‍ മാത്രമല്ല, ഇരുരാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി, ഇരുവശത്തേക്കുമുള്ള ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.
കലാപം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും ഇന്ത്യയെ ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണെങ്കില്‍ തീര്‍ച്ചയായും ഇത് ഇന്ത്യക്ക് ഒരു തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.






