കൊച്ചി: എറണാകുളം പാരിയത്തുകാവിലെ ഒഴിപ്പിക്കൽ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെട്ടു. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനെയും വി.പി. സജീന്ദ്രൻ എംഎൽഎയെയും ചുമതലപ്പെടുത്തി. വിഷയത്തിൽ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടാനും സർക്കാർ നീക്കം തുടങ്ങി.
മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി മേയ് 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചിരുന്നു. അന്നേ ദിവസം നടപടികൾ പൂർത്തിയാക്കാനായില്ലെങ്കിൽ അടുത്ത ദിവസം തുടരണമെന്നും 25-ന് വൈകീട്ട് 3 മണിക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
58 വർഷങ്ങൾക്ക് മുൻപ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ അന്യായമായി കൈയേറിയെന്നാണ് മലയിടംതുരുത്ത് സ്വദേശി കണ്ണോത്ത് ശങ്കരൻനായർ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വരെ എത്തിയിരുന്നു. കോടതി വിധി ഭൂമിയുടമയ്ക്ക് അനുകൂലമായതോടെയാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2023 സെപ്റ്റംബർ 7-ന് അഡ്വക്കേറ്റ് കമ്മിഷൻ ജയപാലിന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ഭൂമി അളക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി. തുടർന്ന് പലതവണ ഉദ്യോഗസ്ഥർ എത്തിയപ്പോഴും നാട്ടുകാരും സി.പി.എം. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അന്നത്തെ എംഎൽഎ പി.വി. ശ്രീനിജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഇപ്പോൾ സർക്കാർ ഇടപെട്ടതോടെ വിഷയത്തിൽ സമവായ ശ്രമങ്ങൾ ശക്തമായിരിക്കുകയാണ്.






