പാലക്കാട്: രേഖകളില്ലാതെ വൻതുക പണം കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ മുണ്ടൂർ പൊലീസ് പിടികൂടി. 48,49,000 രൂപയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാഗിനകത്തും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്.
ട്രിച്ചി ചുണ്ണാമ്പ് കാരത്തെരുവിൽ പ്രസാദ് , പട്ടാമ്പി പന്താപ്പറമ്പ് നന്ദനിവാസിൽ ധനഞ്ജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ അളിയൻമാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും, സ്വർണ്ണം വിറ്റ് കിട്ടിയ പണമാണിതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
തുക സംബന്ധിച്ച് യാതൊരു രേഖയും ഹാജരാക്കാനാകാത്തതിനാൽ പൊലീസിന് ഇവരുടെ വാക്കുകൾ അംഗീകരിക്കാനായില്ല. കൂടുതൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.




