ബെംഗളൂരു: പോലീസുകാരന്റെ ഭാര്യയെ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മിപ്രിയ(26)നെയാണ് കെ.ആർ. പുരയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷ് ആരാദ്യ ബെംഗളൂരു എച്ച്എഎൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്.
വെള്ളിയാഴ്ച ഉച്ചയോടെ ലക്ഷ്മിപ്രിയ ഇളയ സഹോദരിയുമായി വാട്‌സാപ്പിൽ സംസാരിച്ചിരുന്നു. സ്വന്തം മൊബൈൽ ഫോണിന്റെ പാസ്‌വേർഡും സഹോദരിക്ക് അയച്ചുനൽകിയതോടെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. തുടർന്ന് പലതവണ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നീട് ഭർത്താവ് രാജേഷിനെ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ രാജേഷ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതായി കുടുംബത്തെ അറിയിച്ചു. ഉടൻ പോലീസിൽ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക പീഡനവും സ്ത്രീധന പ്രശ്‌നങ്ങളുമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിച്ചു. വിവാഹത്തിനുശേഷം മാനസിക പീഡനം നേരിട്ടിരുന്നുവെന്നും കുടുംബം പറഞ്ഞു.
2023 മെയ് 11നാണ് ലക്ഷ്മിപ്രിയയും രാജേഷും വിവാഹിതരായത്. എട്ടുമാസം മുൻപാണ് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






