Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംബിബിഎസ് അധിക ഫീസ് തിരിച്ചു നൽകണമെന്ന നിർദേശം; നിയമോപദേശം തേടാൻ സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരിച്ചുനൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) നിർദേശത്തിൽ നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും.

നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. 2024-ലെ ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലാവധി 54 മാസമാണ്. അതിനാൽ യഥാർഥ പഠനകാലയളവിനുള്ള ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാവൂവെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

മുമ്പ് നൽകിയ നിർദേശം കേരളത്തിൽ നടപ്പിലാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎംസി വീണ്ടും ഇടപെട്ടത്. അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും സംസ്ഥാന സർക്കാർ കോളേജുകൾക്ക് ആവശ്യമായ നിർദേശം നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഫീസ് തിരിച്ചുനൽകുന്നതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള നിർദേശമാണിതെന്നും എൻഎംസിയുടെ നിർദേശം സംസ്ഥാനത്തിന് ബാധകമല്ലെന്നുമാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷന്റെ നിലപാട്.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അധികമായി അടയ്ക്കേണ്ടി വന്ന തുക ഏകദേശം 3.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണെന്നാണ് കണക്കുകൾ. പരാതി ഉയർന്നതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് എൻഎംസി സർക്കുലർ പുറത്തിറക്കിയിരുന്നു.

നിലവിൽ കേരളത്തിൽ ഫീസ് നിർണയ സമിതിയാണ് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവ്-ചെലവ് കണക്കുകൾ പരിശോധിച്ച് വാർഷിക ഫീസ് നിശ്ചയിക്കുന്നത്. ആദ്യ വർഷം നിശ്ചയിക്കുന്ന ഫീസ് തുടർന്നുള്ള വർഷങ്ങളിലും ബാധകമാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളിലും അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്നതാണ് പരാമർശിച്ചിട്ടുള്ളത്.

പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. അതേസമയം, നിയമപരവും സാമ്പത്തികവുമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

Advertisement
WhiteswanTV Footer