തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റേതായി നൽകേണ്ട ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ ഉൾപ്പെട്ടത്.
മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി ബുള്ളറ്റിനിലാണ് പിഴവ് കണ്ടെത്തിയത്. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് അബദ്ധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
സംഭവത്തിൽ പി.എസ്.സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് എവിടെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല. വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.






