കെച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി വ്യാജരേഖ തയ്യാറാക്കി പലരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തുറമുഖ അധികൃതരുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. സ്വന്തം തിരിച്ചറിയൽ മറച്ചുവെച്ചാണ് പ്രതി പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന അവകാശവാദം ഉയർത്തി തയ്യാറാക്കിയ രേഖകൾ ഉപയോഗിച്ച് നിരവധി പേരെ വിശ്വസിപ്പിക്കാനാണ് ശ്രമം നടന്നത്.
ഇതിനായി കൊച്ചിയിൽ ബിസിനസ് സമ്മിറ്റും സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരെ പരിപാടിയിലേക്ക് ക്ഷണിച്ച പ്രതി, വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ കണ്ടെയ്‌നർ ട്രാൻഷിപ്പ്മെന്റ് പോർട്ടുമായി ബന്ധപ്പെട്ട കരാർ സ്വന്തമാക്കിയെന്ന വ്യാജ അവകാശവാദം ഉന്നയിച്ചുവെന്നാണ് പരാതി.
തട്ടിപ്പിനിരയായവരിൽ ഒരു തെന്നിന്ത്യൻ നടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിക്ക് രാജ്യത്തിന് പുറത്തും വ്യാപാര ബന്ധങ്ങളുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായവരെ കണ്ടെത്താനും സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി പരിശോധിക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.






