ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പ്രതികൾ ഈ മാസം 27ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ ഉയർത്തിയിട്ടുണ്ട്.
പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായ അനിൽകുമാർ, എസ്. സന്ദീപ്, വിപിൻ, അരുണ്‍, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. ആലപ്പുഴ സെഷൻസ് കോടതി ഇവർക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളുടെ മുൻകൂർ ജാമ്യം സംബന്ധിച്ച നിയമ പോരാട്ടം തുടരുകയാണ്.




