ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള 18-കാരൻ മരിച്ചു. ടൂറിസ്റ്റ് വിസയിൽ അമേരിക്കയിലെത്തിയ രോമഞ്ച് മഹാജനാണ് മരിച്ചത്.
പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുടെ ചിത്രം പകർത്താനായി ഡ്രൈവർ കുതിരയിൽ നിന്ന് മാറിനിന്ന സമയത്ത് ‘സാംപ്സൺ’ എന്ന ഏഴ് വയസ്സുള്ള കുതിര ഭയന്ന് ഓടുകയായിരുന്നു. നിയന്ത്രണം വിട്ട കുതിരവണ്ടിയിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രോമഞ്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർ അപകടസമയത്ത് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അതിവേഗത്തിൽ പാഞ്ഞ കുതിര മറ്റൊരു കുതിരവണ്ടിയുമായി ഇടിച്ചതോടെയാണ് അപകടം കൂടുതൽ ഗുരുതരമായത്. ഇതോടെയാണ് രോമഞ്ചിന് മാരകമായി തലക്ക് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ കുതിരവണ്ടി സർവീസുകൾ പൂർണമായും നിരോധിക്കണമെന്ന ആവശ്യം ശക്തമായി. മൃഗസംരക്ഷണ പ്രവർത്തകരും സെൻട്രൽ പാർക്ക് കൺസർവൻസിയും കുതിരവണ്ടികൾ ഘട്ടംഘട്ടമായി നിരോധിക്കാൻ ലക്ഷ്യമിടുന്ന ‘റൈഡേഴ്സ് ലോ’ അടിയന്തരമായി പാസാക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, യാത്രക്കാരുടെ ഫോട്ടോ എടുക്കാനായി ഡ്രൈവർ കുതിരയെ വിട്ടുമാറിയത് ഗുരുതരമായ വീഴ്ചയാണെന്ന് കുതിരവണ്ടി തൊഴിലാളി യൂണിയൻ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് ഡ്രൈവറെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തതായി കുതിരവണ്ടിയുടെ ഉടമ അറിയിച്ചു. അപകടത്തിൽപ്പെട്ട കുതിരയെ പാർക്കിൽ നിന്ന് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ അമേരിക്കൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






