കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർക്ക് ജാമ്യം നിഷേധിച്ചു. വടകര സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് ഡാറ്റ ഇല്ലാതാക്കിയതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് വിവരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിന് അയയ്ക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശം. ഈ ഫോണിലാണ് കാഫിർ സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.
സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്കറോ അദ്ദേഹത്തിന്റെ സഹായികളോ നിർമ്മിച്ചതാകാമെന്നും, ഇത് നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഏകദേശം 200 ഓളം ഗ്രൂപ്പുകളിലേക്ക് ചിത്രം ഷെയർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
‘വടകര സ്‌ക്വാഡ്’ എന്ന ഗ്രൂപ്പിലൂടെയും പിന്നീട് മറ്റ് ഡിവൈഎഫ്ഐ അനുബന്ധ ഗ്രൂപ്പുകളിലൂടെയും പ്രചാരണം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്കറിലേക്ക് അന്വേഷണം എത്തിയത്.






